History

ദൈവാനുഗ്രഹത്തിന്റെ നാലുപതിറ്റാണ്ടുകൾ പിന്നിടുകയാണ് ചെട്ടിക്കാട് തീർത്ഥാടന കേന്ദ്രം. പള്ളിപ്പുറം മഞ്ഞുമാതാ പള്ളിയുടെ കീഴ്പള്ളിയായിരുന്നു ചെട്ടിക്കാട് പള്ളി. പണ്ട് ഇവിടെ വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള ഒരു ചെറിയ കപ്പേള മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പമാട്ടുമ്മൽ ജോൺ മത്തായി, കറുപ്പശ്ശേരി മത്താ മത്തായി, പടമാട്ടുമ്മൽ കുര്യൻ ചീക്കു, പള്ളത്തുശ്ശേരി അന്ത ലോനൻ എന്നിവരുടെ നിതാന്ത പരിശ്രമവും പ്രേരണയും പരിഗണിച്ചാണ് അന്ന് പള്ളിപ്പുറം പള്ളിവികാരിയായിരുന്ന മോൺ അഗസ്റ്റിൻ നെടുനിലത്തിന്റെ നേതൃത്വത്തിൽ ഇന്ന് കാണുന്ന പഴയ ദേവാലയം പണിയുന്നതിന് തീരുമാനിച്ചത്. വെളിപ്പറമ്പിൽ പേറുമേസ്തിരിയെ (കേരള ടൈംസ് പത്രത്തിന്റെ മാനേജരായ ബഹു. ജോർജ്ജ് വെ ളിപ്പറമ്പിലച്ചന്റെ വന്ദ്യപിതാവ്) പള്ളിയുടെ പ്ലാൻ വരക്കുന്നതിനും പള്ളി പണിയുന്നതിനും ഏൽപിച്ചു. പല പ്രമുഖ വ്യക്തികളും ആത്മാർത്ഥമായി പള്ളി നിർമ്മാണത്തിന് സഹകരിച്ചിട്ടുണ്ട്. അങ്ങനെ 1954 ജൂൺ 13-ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായ കാലം ചെയ്ത ഡോ. ജോസഫ് അട്ടിപ്പേറ്റി തിരുമേനി പള്ളിയുടെ വെഞ്ചിരിപ്പു കർമ്മം നിർവഹിച്ചു. 1968-ൽ മോൺസിഞ്ഞോർ ഇമ്മാനുവൽ ലോപ്പസ് വി. അന്തോണീസിന്റെ നിത്യനൊവേന പുസ്തകം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച ദിവസങ്ങളിൽ ചില സ്ത്രീകൾ ഒരുമിച്ച് കൂടി വി.അന്തോണീസിന്റെ നൊവേന പ്രാർത്ഥന ചൊല്ലുന്ന പതിവ് പണ്ട് മുതലെ ഇവിടെയുണ്ടായിരുന്നു.

1975 ജനുവരി 7ന് വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് ഇറ്റലിയിലെ പാദുവായിൽ നിന്ന് കൊണ്ടുവന്ന് സ്ഥാപിച്ചു. അന്നു മുതലാണ് വിശുദ്ധ അന്തോണീസിന്റെ പ്രസിദ്ധമായ ചൊവ്വാഴ്ച നൊവേന ആരംഭിക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികൾ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും നൊവേനയിൽ പങ്കുകൊള്ളുവാൻ എത്തിത്തുടങ്ങി. സ്ഥല പരിമിതിമൂലം ഭക്ത ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടനുഭവപ്പെട്ടു. 1987-ൽ പഴയ പള്ളിക്കടുത്തുതന്നെ മനോഹരമായ പുതിയ ദേവാലയം ഫാ. ഡോമിനിക് ചിറയത്തിന്റെ നേതൃത്വത്തിൽ പണിതുയർത്തി.

1973 ആയപ്പോഴേക്കും ചെട്ടിക്കാട്ടിലെ വി. അന്തോണീസിന്റെ നൊവേന ഏറെ അറിയപ്പെടാന്‍ തുടങ്ങി. പുണ്യവാന്റെ സജീവസാന്നിദ്ധ്യം അനുഭവപ്പെടാനും അനുഗ്രഹങ്ങള്‍ ധാരാളമായി ലഭിക്കുവാനും തുടങ്ങി.രാവിലെയും വൈകുന്നേരവുമായി ചൊവ്വാഴ്ചകളില്‍ നൊവേനക്രമപ്പെടുത്തി.1977ല്‍ ചൊവ്വാഴ്ച്ച നൊവേനയെ രൂപത അംഗീകരിക്കുകയും ഊട്ട് സദ്യക്ക് തുടക്കം കുറിക്കുകയും ചെയ്തു.ചരിത്രം സാക്ഷിപ്പെടുത്തിയ ചെട്ടിക്കട് ഇടവകയില്‍ വി.അന്തോണീസിന്റെ നൊവേനയും ഊട്ട് നേര്‍ച്ചയും ഔദ്യോഗികമായി ആരംഭിച്ചിട്ട് 2018ല്‍ നാല്പത് വര്‍ഷം തികഞ്ഞു.വി.അന്തോണീസ് വഴി ഈ പുണ്യഭൂമിയില്‍ വര്ഷിച്ച എല്ലാ ദൈവാനുഗ്രഹങ്ങളും നന്ദിയോടെ ഓര്‍ക്കാം.